Sunday, 30 October 2011

പ്രയാണം.
========

അനന്തതയിലേയ്ക്ക് നീളുന്ന
പാതയോരത്തെ കലുങ്കില്‍
ജീവിതത്തിന്നര്‍ത്ഥവും
അനര്‍ത്ഥവും ആസ്വദിച്ച്
അനിവാര്യമായ ഒന്നില്‍
വിലയിച്ച് വിജയിച്ച്
ഋതുക്കളും വര്‍ഷങ്ങളും കടന്ന്...
എന്നെ ഞാനാക്കിയതെല്ലാം മറന്ന്...
കാലത്തിന്റെ പ്രയാണത്തില്‍
കണ്ടുമുട്ടിയ മുഖങ്ങളെ മറന്ന്....
കര്‍മ്മപാശത്തിന്റെ കെട്ടുകളറുത്ത്
ഒന്നായ നീ പലതെന്നറിഞ്ഞ്...
നിന്നിലേയ്ക്കുള്ള യാത്ര തന്‍ പാത-
യൊന്നു മാത്രമെന്നറിഞ്ഞിതാ....
തുടങ്ങുന്നു ഞാനെന്‍ കാണാപ്രയാണം.
അമ്മ...

സ്നേഹമായുള്ളില്‍ പെയ്തിറങ്ങുന്നതും
അറിവിന്‍കനലായി തിളങ്ങിനില്‍ക്കുന്നതും
നന്മതന്നൊളിയായി വിളങ്ങി നില്ക്കുന്നതും
മാമവ മാതാവിന്‍ പുണ്ണ്യമല്ലോ.
സ്വപ്‌നങ്ങള്‍...
============

സ്വപ്‌നങ്ങള്‍.....
അവ പല വര്‍ണ്ണത്തില്‍ പല രൂപത്തില്‍
മദ്യത്തിന്റെ ലഹരിയ്ക്കുമപ്പുറം
സ്വര്‍ഗീയതയുടെ വാതില്‍ തുറന്ന്
നാം കണ്ട സ്വപ്‌നങ്ങള്‍..

സ്വപ്‌നങ്ങള്‍.....
ആകാശത്തിന്റെ അനന്തതയില്‍
ആത്മാവിന്റെ ആഴങ്ങളില്‍
പരസ്പരം തേടിയുഴറവേ
നാം കണ്ട സ്വപ്‌നങ്ങള്‍..

സ്വപ്‌നങ്ങള്‍.....
ഞാനും നീയുമില്ലാതെ
നാം മാത്രമാവുന്ന
വാക്കുകള്‍ക്കതീതമായ
നോക്കുകളില്‍ തെളിയാത്ത
വര്‍ണ്ണങ്ങള്‍ക്കപരിചിതമായ
നാം കണ്ട സ്വപ്‌നങ്ങള്‍..

Sunday, 23 October 2011

          രാത്രിയുടെ അന്ത്യയാമങ്ങളില്‍ പൊടുന്നനെ ഏകാന്തതയിലേയ്ക്ക് വലിച്ചെറിയപ്പെടുക...... വിങ്ങിവിങ്ങിക്കരയുന്ന മാനസം. എന്തിനേ ഇങ്ങനെ?? വിധിയോടെന്നും ചോദിയ്ക്കുന്ന ഒരു പാഴ്ച്ചോദ്യം. ഒരിയ്ക്കലും ഉത്തരം കിട്ടിയിട്ടില്ല. അതിനൊട്ടു സാധ്യതയുമില്ല. എങ്കിലും വെറുതേ....വെറുതെ ഒരു ചോദ്യം.സത്യത്തില്‍ എന്താണ് സംഭവിച്ചത്? ഊണിലും ഉറക്കിലും കൂടെ നടന്ന്; നിദ്ര തന്‍ കളി വഞ്ചി തുഴഞ്ഞ് ഒത്തിരി ചിരിച്ചും ചിന്തിച്ചും....കൂടെ നടന്ന എന്‍റെ പ്രിയ സ്വപ്നം. ഇന്നത്‌ ഏതോ വിലകുറഞ്ഞ തുണിയില്‍ മുക്കിയ നിലവാരമില്ലാത്ത നിറങ്ങള്‍ പോലെ.... പൊടുന്നനെ പെയ്ത മഴയില്‍ ഒലിച്ച് കുത്തി നിറം മങ്ങി വെറും വെളുത്ത് വിളറിയ കോറത്തുണി പോലെ.

Saturday, 22 October 2011

ഒരു പേരില്ലാക്കവിത...
==================

നിശീഥിനി തന്‍ നിശ്ശബ്ദതക്കിടയിലും

ഉയര്‍ന്നു കേള്‍ക്കുമാ തപ്തനിശ്വാസങ്ങള്‍

ചുടു കണ്ണീരിനാല്‍ കുതിര്‍ന്ന-

ലിഞ്ഞീടുന്ന സുന്ദര സ്വപ്നത്തിന്‍

ശുഷ്ക ഞരക്കങ്ങള്‍..............

ഏതോ മുജ്ജന്മ പുണ്യപാപങ്ങള്‍ തന്‍

ചുമലിലായി ചായുന്നു..........

പതം പറഞ്ഞീടുന്നു..............

സമര്‍പ്പണം.
============

തെല്ലുപോലുമവശേഷിക്കാതെ തന്നൂ

ഞാനെന്‍ തനുവും മനവും

ഇനി മടങ്ങാം..........

ആത്മനിര്‍വൃതിയുടെ നിലയില്ലാക്കയങ്ങളില്‍

മുങ്ങിത്തോര്‍ത്തിയ പോയ കാലത്തിന്‍ടെ

മധുരസ്മരണകളില്‍ മുഖമമര്‍ത്തിക്കിടക്കാം

നിനക്കായേകാന്‍ ഒന്നുമില്ലീക്കരത്തില്‍

തന്നു ഞാനെന്‍ ഋതുക്കളൊക്കെയും

അതിലൊന്നു മാത്രം ഞാനെടുക്കുന്നു

ചുട്ടു പൊള്ളൂന്ന വേനല്‍ക്കിനാക്കളെ.

അകതാരിലാരോ മീട്ടുന്ന തംബുരു

ജീവിതഗാനത്തിന്‍ ശ്രുതിയിടുന്നൂ

സ്വരജതിയുയരവേ പദചലനങ്ങളാല്‍

സ്വപ്ന മണ്ഡപ സദസ്സുണര്‍ന്നൂ.......

ഉണര്‍ന്നൂ.........സദസ്സുണര്‍ന്നൂ...........

സ്വര്‍ഗ്ഗ വാതില്‍ തുറന്നൂ.................

ആരാധ്യ ദേവന്റെ ആദ്യ ദര്‍ശനം

അകതാരില്‍ തേന്‍മഴ പൊഴിച്ചൂ.....

(ക്ഷമിക്കണം സുഹൃത്തുക്കളെ........ഇതിനു പേരില്ല.......മനസ്സില്‍ക്കിടന്നു ഓളം വെട്ടുന്ന അക്ഷരക്കുട്ടികളെ ചേര്‍ത്തങ്ങെഴുതിയതാ)
ജനി-മൃതി.
=========

വിധിയുടെ നിര്‍ബന്ധബുദ്ധിയാലും
മുന്‍ചെയ്ത കര്‍മ്മഫലതിനാലും
ആര്‍ത്തുകരഞ്ഞു കൊണ്ടെത്തിടുന്നൂ
ഒട്ടുമിഷ്ടമില്ലാത്തൊരീ ജീവിതപ്പാതയില്‍.

കര്‍മ്മം കഴിഞ്ഞു മടങ്ങിടുമ്പോള്‍
നിശ്ശബ്ദതയിങ്കല്‍ ലയിച്ചിടുമ്പോള്‍
തിരികെയിനിയില്ലെന്നുറച്ചിടുമ്പോള്‍
ആര്‍ത്തലയ്ക്കുന്നൂ ബന്ധുമിത്രാദികള്‍.

ഞാന്‍.

======
ആര്‍ത്തലയ്ക്കുമലയാഴിയ്ക്കുമപ്പുറം
ആര്‍ത്തലയ്ക്കുന്നോരന്തരാത്മാവ്‌
അന്തകന്‍ കണ്ടു വേണ്ടെന്നു വെചൊരാ
അത്തലാലിന്നും മരുവുന്നു ഭൂമുഖേ.....

ഉയിര്‍ത്തെഴുന്നെല്‍പ്പ്.
=======================

ഏതോ വിദൂര ജാലകക്കാഴ്ചയില്‍
നോവിന്‍ പുഴുക്കുത്തെറ്റു മയങ്ങിയ
സന്ധ്യ തന്‍ നെഞ്ചില്‍
കിനിഞ്ഞിറങ്ങുമൊരു രക്തബിന്ദുവായി
ഉത്തരാധുനികതയുടെ മേനിക്കൊഴുപ്പില്‍
നിന്നടര്‍ന്നു വീണ ആഗോള ജന്മം
പലകുറിയേറ്റു വാങ്ങി നെഞ്ചില്‍
പരിഹാസ ബാണങ്ങളെപ്പലനാള്‍
ഒരുനാളിതാ ഉയിര്‍ത്തെഴുന്നേറ്റിടുന്നു
പരിചൊടു ഭംഗിയായി ചൊല്ലിടുന്നു
അരിവൈരികളെത്തടഞ്ഞിടുന്നു
അരിയപൂമൊട്ടു വിടര്‍ന്നിടുന്നു.
ഇനിയെന്ത് വേണ്ടൂ....
===================
നീയന്ന് നിക്ഷേപിച്ച പ്രത്യാശയുടെബീജങ്ങള്‍,

അവ വളര്‍ന്നു വലുതായി

അനന്ത വിഹായസ്സില്‍ ഉയര്‍ന്ന്

സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയിരുന്നു

ഉയര്‍ന്ന് പൊങ്ങിയ വന്‍ വൃക്ഷമതിന്‍

കടയ്ക്കല്‍ മണ്ണില്ലായിരുന്നോ?

അതോ ആ മണ്ണും ആരോ കവര്‍ന്നോ?

നീ തന്നെ തെളിയിച്ച നിലവിളക്കിന്‍തിരി

നീ തന്നെ ഊതിക്കെടുത്തിയതെന്തിന്?

ഇതിലും തെളിവാര്‍ന്ന ദീപമതുമറ്റൊന്നായതിനാലോ?

ആവാം........കരിന്തിരികത്തി മങ്ങിയ-

വിളക്കിലും ശ്രേഷ്ഠം കാണാതെ നീ പോവതില്ല.

എങ്കിലും.........

ചോര കിനിയുന്ന ഹൃദയവുമേന്തി

നില്‍ക്കുന്നു ഞാനീ വഴിത്താരയില്‍

ഇനി.....ഇനിയെന്ത് വേണ്ടൂ?

Friday, 21 October 2011

ജൈത്രയാത്ര.
==========

കുനിയരുത് നിന്‍ ശിരസ്സു

കൂരിരുട്ടിന്‍റെ കാവല്‍ക്കാരാം

കാട്ടാളന്മാര്‍ക്ക് മുന്നില്‍

പതറരുത് അടിമലര്‍ -

ദൃഡപാദ ചലനങ്ങളാല്‍

നടക്കുക മുന്നിലായ്,

നയിക്കാന്‍ ഉറയ്ക്കുക

ഇതു നിന്‍റെ ജന്മ ഭൂമി

സത്യധര്‍മങ്ങളെ നൊന്തു പെറ്റു

ഉരിയരികൊണ്ടുലകം പുലര്‍ത്തിയ

നിന്‍ കര്‍മ്മഭൂമിയാം അംബഭാരതം

വരിക്കുക നീ കര്‍മ്മസന്യാസത്തെ

ഭാസുരമാമീ തേര്‍ തെളിക്കുക

പാര്‍ഥരഥചക്രങ്ങളുരുണ്ടയീ

കര്‍മ്മ കുരുക്ഷേത്രഭൂമികയില്‍

ചിതറിത്തെറിക്കട്ടെ നിന്‍

ജ്വലിത നയനങ്ങളില്‍ നിന്നഗ്നി-

സ്പുലിങ്കങ്ങളീ രാക്ഷസ പരിഷകള്‍

ചുടലനടനമാടുന്ന കര്‍മ്മവീഥികളില്‍

ഇവിടെ.........

ഇതിന്നനിവാര്യം

ഹേ... ഭാരത ശ്രേഷ്ഠവംശജ

ഉണര്‍ന്നുയര്‍ന്നു നീ

തുടരുക ജൈത്രയാത്ര

വിണ്‍സൂര്യനെക്കാള്‍ പ്രശോഭിതമാം

നിന്‍ വദനാരവിന്ദമതു കാണട്ടെ ലോകം.

Monday, 17 October 2011

പാഴ്ജന്മം.
========

ചിതറിയ ചിന്തകള്‍ ചിതലരിയ്ക്കുന്നു,

പേ പിടിച്ച സ്വപ്‌നങ്ങള്‍ തന്‍

പേക്കൂത്തിലരങ്ങു തകരുന്നു.

ഇനി വയ്യ.......ഇവ്വണ്ണമീയുലകില്‍

അതികഠിനമീയാത്രയീ വഴിയില്‍

വിഴുപ്പുഭാണ്ഡത്തിന്‍ ഭാരം,

തളര്‍ത്തുന്നു കാല്‍കളെ.

ഒരുവേള ആശ്വസിപ്പാനൊരു

കാക്കക്കാല്‍ തണല്‍........

അത്....വെറും സ്വപ്നം മാത്രം.

കൂട്ടിയും കിഴിച്ചും ഹരിച്ചുമീ ജീവിതം

ഉത്തരം കിട്ടാക്കണക്കുപുസ്തകത്താളുകള്‍.

ഒട്ടു മൂല്ല്യമില്ലാതൊരോട്ടക്കാലണയായി

എന്തിനീ ജന്മം....?? ഇത് പാഴ്ജന്മം

ഒടുക്കുകയിതിന്നിവിടെ.....

അതാമീ ജന്മത്തെയൊരുത്തമവൃത്തി.

സത്യം.
======

ഒന്നായ നിന്നെപ്പലതെന്നു

കണ്‍ടവരാരായിരുന്നാലും,

സത്യമതല്ലയോ...

നിത്യനിതാന്തമാമാ സത്യ-

മുചെയ്സ്തരം ഘോഷിപ്പൂ

സത്മഹത്തുക്കള്‍

നശ്വരമാമീ പ്രപഞ്ചത്തിനപ്പുറം

ഒന്നായ നിന്നുടെ അനശ്വരത.

നിന്നുടെ ലീലകള്‍ ഈയുലകം,

പിന്നെ സൃഷ്ടികളും.

ഉള്ളതു ചൊന്നാലുറിയും

ചിരിക്കുമതൊന്നിന്നു

ദൃഷ്ടാന്തമിക്കാണും സര്‍വ്വവും.

സേവ മാധവനര്‍ച്ചി-

ക്കാനിച്ചിക്കില്‍ ചെയ്തിടൂ

മനുഷാ മാനവസേവനം.
നിര്‍വൃതി.
=========

അറിയാതെ പൂത്തൊരാ അരിമുല്ലപ്പൂക്കള്‍ തന്‍

ആര്‍ദ്ര ദളങ്ങള്‍ തഴുകീടവേ.....

ആനന്ദ തുന്ദിലമായെന്‍ മനസ്സില്‍

ആത്മവിപഞ്ചിക ശ്രുതിമീട്ടി

ആത്മഹര്‍ഷത്തിന്‍ ശ്രുതിമീട്ടി

സപ്തസ്വരങ്ങളുണര്‍ന്നൂ........

ഹൃദയരാഗവനിയിലേതോ

വസന്തകോകിലം പാടി

ആകാശത്താമര വിടരും

പുലര്‍കാല സന്ധ്യായാമം

വിടരുന്ന പൂവിതളുകളില്‍

തളിരിടും പുല്‍ക്കതിരുകളില്‍

പൊഴിഞ്ഞിടും ഹിമകണമായി

നീയെന്നില്‍ നിറഞ്ഞിടുന്നു.

നിരങ്ങളോലും സ്വപ്‌നങ്ങള്‍ ഞാന്‍

നിനക്ക് മുന്‍പില്‍ തുറന്നു വെച്ചൂ

നിറഞ്ഞ മിഴിയാല്‍ നിന്നെ നോക്കി

ഞാന്‍ നിര്‍വൃതിയില്‍ ലയിച്ചു നിന്നു

നന്മതന്‍ പൊന്‍കണിയായി

നീയെന്നില്‍ നിറഞ്ഞുനിന്നു.