Sunday, 20 November 2011

ഭംഗം.
=====

ഉതിര്‍ന്നു വീഴുമെന്‍ ചുടു മിഴി നീരിനാല്‍,
കൊരുത്തു ഞാനൊരു വെണ്‍മണി മാല.
കിനിഞ്ഞിറങ്ങുമെന്‍ ചുടു ചെംനിണത്താല്‍,
കൊരുത്തു ഞാനൊരു രക്തഹാരം.
നിന്നുടെ മണിമാറില്‍ ചാര്‍ത്തീ ഹാരങ്ങള്‍,
നിന്‍ പാദപദ്മങ്ങള്‍ കഴുകിയെന്‍ മിഴിനീരാല്‍,
ചുടു ചെംചോരയാല്‍ കുറി വരച്ചൂ എന്‍-
മിഴിനീര്‍പ്പൂക്കളാല്‍ അര്‍ച്ചന ചെയ്തു,
നിന്‍ വിരി മാറിലെ മണിമറുകിലായി
വിറയാര്‍ന്ന ചൊടികളാല്‍ ചുംബനമേകീ
എന്നിട്ടുമെന്നിട്ടും കണ്ടതേയില്ല നീ
ശരണാര്‍ഥയാമീ പാപ ജന്മം.
ആശ.
=======

മനസ്സിന്റെ മടിത്തട്ടില്‍,
മറക്കുവാന്‍ കൊതിയ്ക്കുന്ന ഒരു നൂറുകാര്യങ്ങള്‍
മറക്കുവാന്‍ വെമ്പി ഞാനുറക്കമായീടുമ്പോള്‍
മറവിതന്‍ കയ്യാലമേലിരുന്നെന്നെ നോക്കി
കോക്രി കാണിച്ചും ഇളിച്ചും
പരിഹാസബാണങ്ങളെയ്തും
ആ ദുരന്ത ദന്തഗോപുരവാസികള്‍...
ഒരു പുനര്‍ജീവനം അതിലൊന്നുമോര്‍ക്കാതെ
ഒരു വേള കഴിയുവാന്‍ ആശ കലശലായി
മനസ്സിനെ മഥിയ്ക്കുന്നു....
തിരിച്ചറിവ്.
===============

ഓരോ യാത്രയും സത്യത്തെ തേടിയായിരുന്നു.
എന്നില്‍ നിന്നുയരുന്ന ചുടുനിശ്വാസങ്ങളില്‍,
എന്നിലെ നിന്നെ തേടിയലയവേ........
മുജ്ജന്മ സൂരികള്‍തന്‍ സുകൃതമോ
ഇജ്ജന്മ സായൂജ്യമോ
അറിയില്ല......
അറിയുന്നു  ഞാനിന്ന്;
ഒന്നും ഞാനറിഞ്ഞില്ല
എനിയ്ക്ക് മുന്‍പേ നടന്നു നീങ്ങിയവര്‍
അവര്‍ക്ക് പിമ്പേ അനുയാത്ര ചെയവു ഞാന്‍.

Monday, 7 November 2011

അതീന്ദ്രിയം.
===========

ദിനരാത്രങ്ങള്‍ക്കപ്പുറത്ത്,
സമയപരിധികളില്ലാത്ത ലോകത്ത്
ആറാമിന്ദ്രിയത്തിന്റെ അതീന്ദ്രിയ-
ജ്ഞാനം കൊണ്ടാണോ ആവോ
അവര്‍ പ്രകാശവേഗത്തിലുമേറിയ
വേഗത്തില്‍ സ്വപ്‌നങ്ങള്‍ നെയ്തത്?
ചുറ്റിലുമാര്‍ക്കും ജനത്തിരക്കുകള്‍ക്കിടയിലും
അവര്‍.....
അവര്‍ക്ക് മാത്രമായൊരിടം കണ്ടെത്തിയത്?

ആ വലിയ ആള്‍ക്കൂട്ടത്തിനിടയിലും
അവര്‍ മാത്രമായി........

അനുഭൂതിയുടെ പടികള്‍ ചവുട്ടിക്കയറി,
നിര്‍വൃതിയുടെ ഉത്തുംഗതയിലെത്തിയപ്പൊഴും
അവരറിഞ്ഞില്ല, അവരെ നോക്കി
ആക്രോശിയ്ക്കുന്ന ജനക്കൂട്ടത്തെ.

Sunday, 30 October 2011

പ്രയാണം.
========

അനന്തതയിലേയ്ക്ക് നീളുന്ന
പാതയോരത്തെ കലുങ്കില്‍
ജീവിതത്തിന്നര്‍ത്ഥവും
അനര്‍ത്ഥവും ആസ്വദിച്ച്
അനിവാര്യമായ ഒന്നില്‍
വിലയിച്ച് വിജയിച്ച്
ഋതുക്കളും വര്‍ഷങ്ങളും കടന്ന്...
എന്നെ ഞാനാക്കിയതെല്ലാം മറന്ന്...
കാലത്തിന്റെ പ്രയാണത്തില്‍
കണ്ടുമുട്ടിയ മുഖങ്ങളെ മറന്ന്....
കര്‍മ്മപാശത്തിന്റെ കെട്ടുകളറുത്ത്
ഒന്നായ നീ പലതെന്നറിഞ്ഞ്...
നിന്നിലേയ്ക്കുള്ള യാത്ര തന്‍ പാത-
യൊന്നു മാത്രമെന്നറിഞ്ഞിതാ....
തുടങ്ങുന്നു ഞാനെന്‍ കാണാപ്രയാണം.
അമ്മ...

സ്നേഹമായുള്ളില്‍ പെയ്തിറങ്ങുന്നതും
അറിവിന്‍കനലായി തിളങ്ങിനില്‍ക്കുന്നതും
നന്മതന്നൊളിയായി വിളങ്ങി നില്ക്കുന്നതും
മാമവ മാതാവിന്‍ പുണ്ണ്യമല്ലോ.
സ്വപ്‌നങ്ങള്‍...
============

സ്വപ്‌നങ്ങള്‍.....
അവ പല വര്‍ണ്ണത്തില്‍ പല രൂപത്തില്‍
മദ്യത്തിന്റെ ലഹരിയ്ക്കുമപ്പുറം
സ്വര്‍ഗീയതയുടെ വാതില്‍ തുറന്ന്
നാം കണ്ട സ്വപ്‌നങ്ങള്‍..

സ്വപ്‌നങ്ങള്‍.....
ആകാശത്തിന്റെ അനന്തതയില്‍
ആത്മാവിന്റെ ആഴങ്ങളില്‍
പരസ്പരം തേടിയുഴറവേ
നാം കണ്ട സ്വപ്‌നങ്ങള്‍..

സ്വപ്‌നങ്ങള്‍.....
ഞാനും നീയുമില്ലാതെ
നാം മാത്രമാവുന്ന
വാക്കുകള്‍ക്കതീതമായ
നോക്കുകളില്‍ തെളിയാത്ത
വര്‍ണ്ണങ്ങള്‍ക്കപരിചിതമായ
നാം കണ്ട സ്വപ്‌നങ്ങള്‍..